Sunday, July 24, 2011

Veedum Paristhithiyum


ആനിയുടെ വീട്; പരിസ്ഥിതിയുടെയും 
ബാംഗ്ലൂര്‍: ആനി ജോസഫ് എന്ന ചാലക്കുടിക്കാരിക്ക് കുടുംബം കഴിഞ്ഞാല്‍ മൂന്ന് കാര്യങ്ങളോടാണ് താത്പര്യം; ബാംഗ്ലൂരിലെ തന്റെ വീടിന് പിറകില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന മഴവെള്ളസംഭരണി, അവശിഷ്ട സംസ്‌കരണ കമ്പോസ്റ്റ്, വീടിന്റെ ടെറസില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജപാനല്‍. പരിസ്ഥിതിയുമായി ഒത്തിണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആനി അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇവ സ്ഥാപിച്ചത്.

സ്‌കൂള്‍കുട്ടികളെ സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളുമായി പരിചയപ്പെടുത്തുന്ന ചില്‍ഡ്രന്‍സ് മൂവ്‌മെന്റ് ഫോര്‍ സിവിക് അവേര്‍നെസ് (സി.എം.സി.എ.) ക്ലബിന്റെ വളണ്ടിയര്‍മാരില്‍ ഒരാളാണ് ബാംഗ്ലൂരിലെ കോറമംഗലയില്‍ സ്ഥിരതാമസമാക്കിയ ആനി. 2002-ല്‍ ക്ലബ് വളണ്ടിയറായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ഒരു സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ ഹ്രസ്വസന്ദര്‍ശനമാണ് പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കുള്ള ചവിട്ടുപടിയായത്.


വിദ്യാരണ്യപുരയില്‍ സാമൂഹികപ്രവര്‍ത്തകനായ വിശ്വനാഥന്റെ വീട്ടിലെ വാഷിങ് മെഷീന്റെ അഴുക്കുവെള്ളം ഒഴുകുന്ന പൈപ്പ് പ്രത്യേകരീതിയില്‍ ടോയ്‌ലറ്റിലെ ഫ്‌ളഷുമായി ഘടിപ്പിച്ചിരിക്കുന്നത് ആനിയുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടാതെ മഴവെള്ളം സംഭരിക്കാന്‍ ടെറസില്‍ പ്രത്യേക ചേംബറും.


പരിസ്ഥിതിയുമായി ഇണങ്ങിജീവിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടപ്പോള്‍ ആനിക്ക് ആവേശമായി. തന്റെ വീട്ടിലും ഇവയില്‍ ചിലതെങ്കിലും പരീക്ഷിച്ചുകൂടേ എന്നൊരു ചിന്തയും മുളപൊട്ടി. പിന്നീട് ഭര്‍ത്താവും ബിസിനസ്സുകാരനുമായ കുന്ദംകുളം സ്വദേശി ജോസഫിനൊപ്പം ഇവയ്ക്കുള്ള അന്വേഷണങ്ങളായി. മക്കളായ ട്രീസയും ജുവാനും അമ്മയുടെ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.


വീടിനുപിറകില്‍ ഒരു മഴവെള്ളക്കുഴി നിര്‍മിക്കുകയാണ് ആനി ആദ്യം ചെയ്തത്. വര്‍ഷത്തിലെ ആദ്യത്തെ രണ്ടുമഴയിലെ അഴുക്കുനിറഞ്ഞ വെള്ളം ബക്കറ്റില്‍ ശേഖരിക്കും. തുടര്‍ന്ന് ലഭിക്കുന്ന മഴവെള്ളം പ്രത്യേക പൈപ്പ് വഴി മഴവെള്ളക്കുഴിയില്‍ സംഭരിക്കും. അതിന് ശേഷം മഴക്കാലത്ത് ഒരിക്കലും കോര്‍പ്പറേഷന്‍ വെള്ളം ഉപയോഗിക്കേണ്ടിവന്നിട്ടില്ലെന്ന് ആനി പറയുന്നു.


വെള്ളം പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു അവര്‍ക്ക് വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളുടെ സംസ്‌കരണം. മാലിന്യസംസ്‌കരണ സംഘടനയായ 'ഡെയ്‌ലി ഡംപു'മായി ആയിടയ്ക്കാണ് അവര്‍ ബന്ധപ്പെട്ടത്. അവരില്‍ നിന്ന് വെറും 450 രൂപയ്ക്ക് മൂന്ന് തട്ടുകളുള്ള മാലിന്യക്കമ്പോസ്റ്റ് ഉപകരണം സ്വന്തമാക്കി. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ഇതിലിട്ട് സംസ്‌കരണം നടത്തുന്നു. ''കമ്പോസ്റ്റിലിടുന്ന പച്ചക്കറി അവശിഷ്ടങ്ങളും മറ്റും മൂന്നുമാസംകൊണ്ട് സംസ്‌കരിച്ച് പൊടിരൂപത്തിലാകും''-ആനി വിശദമാക്കി. ഇപ്രകാരം ലഭിക്കുന്ന പൊടി ആനി ചെടികള്‍ക്ക് വളമായി ഉപയോഗിക്കുന്നു.


ടെറസ്സിനുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പാനലാണ് ആനിയുടെ മറ്റൊരു സംരംഭം. സൗരോര്‍ജമുപയോഗിച്ച് വീട്ടിലെ ഒരു ലൈറ്റും ഒരു ഫാനും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ആനി പറയുന്നു. 75,000 രൂപ ചെലവിലാണ് പാനല്‍ സ്ഥാപിച്ചത്. ഇതുമൂലം വൈദ്യുതി ബില്ലില്‍ കാര്യമായ കുറവുവന്നിട്ടുണ്ട്- ആനി പറഞ്ഞു. പവര്‍കട്ട് ഉണ്ടാവുമ്പോള്‍ സൗരോര്‍ജവെളിച്ചത്തെയാണ് ഇവര്‍ ആശ്രയിക്കുക. ''പാനല്‍ ഇടക്കിടെ കഴുകണമെന്ന അസൗകര്യം ഒഴിവാക്കിയാല്‍ ഇതുമൂലം യാതൊരു പ്രശ്‌നവുമില്ല''-ആനി കൂട്ടിച്ചേര്‍ത്തു.


ചെറിയ സംരംഭങ്ങളായി തുടങ്ങിയ ഇത്തരം കാര്യങ്ങളില്‍ മാത്രം അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍ ഇവര്‍ കഴിവതും ഒഴിവാക്കും. കൂടാതെ സി.എം.സി.എ. സ്‌കൂളുകളില്‍ നടത്തുന്ന ക്ലാസ് വഴി കുട്ടികളെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുന്നു.


നഗരത്തില്‍ മാലിന്യസംസ്‌കരണം പണച്ചെലവുള്ള ഏര്‍പ്പാടാണെന്ന് ആനി ചൂണ്ടിക്കാട്ടുന്നു. ''വീട്ടില്‍ത്തന്നെ സംസ്‌കരണം സാധ്യമാണെന്നിരിക്കെ എന്തിന് കോര്‍പ്പറേഷന്‍ വണ്ടികളെയും ഉന്തുവണ്ടിക്കാരെയും ആശ്രയിക്കുന്നു?''-ആനി ചോദിക്കുന്നു.


ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ആനി കഴിഞ്ഞ 20 വര്‍ഷങ്ങളായി സകുടുംബം ബാംഗ്ലൂരിലാണ് താമസം. ഇടയ്ക്ക് ചാലക്കുടിയിലെ വീട്ടിലും കുന്നംകുളം വൈലത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലും ഹ്രസ്വസന്ദര്‍ശനം.


ആഴ്ചയിലൊരിക്കല്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ 40-ഓളം കുട്ടികള്‍ക്ക് പരിസ്ഥിതി ബോധവത്കരണക്ലാസും ഉണ്ട്. ''40 കുട്ടികള്‍ ബോധവാന്മാരാകുമ്പോള്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മറ്റുള്ളവരിലേക്കും എത്തട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു''-ആനി പറഞ്ഞുനിര്‍ത്തി.


പി. യാമിനി

No comments:

Post a Comment